വായനത്തിന്റെ 27 ാം പതിപ്പില്‍ രാഖി രാമചന്ദ്രന്‍ നമുക്കു വേണ്ടി ജി ആയി ഇന്ദു ഗോപന്‍ ന്റെ വിലായത്ത് ബുദ്ധ പരിചയപ്പെടുത്തുന്നു. ഏതാണ്ട് നൂറിൽത്താഴെ പേജുകളിൽ, മറയൂരിലെ രണ്ടു (അ) സാധാരണ വ്യക്തികളുടെ തികച്ചും വ്യക്തിപരമായ സംഘർഷത്തിലൂടെ ചുരുളഴിയുന്ന ഈ കുഞ്ഞു നോവലിൻ്റെ കാൻവാസ് വളരെ വലുതാണ്.
സ്കൂൾ ജോലിയിൽ നിന്നു വിരമിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഭാസ്കരൻ മാഷ്, തയ്യൽക്കാരൻ ഉതുപ്പാനെ കാണാൻ പോകുന്ന വഴി, നാട്ടിൽ അത്രതന്നെ സൽപ്പേരില്ലാത്ത ചെമ്പകത്തിൻ്റെ പറമ്പിലൂടെ ഒരു കുറുക്കുവഴി കണ്ടെത്തുന്നത് അയാൾക്കു വിനയായി ഭവിക്കുന്നു. കക്കൂസ് ടാങ്കിൻ്റെ സ്ലാബ് പൊട്ടി മാഷ് വീഴുന്നത് അമേദ്യത്തിലേക്കാണ്. ആരും കരകയറ്റാനില്ലാതെ അവിടെ മണിക്കൂറുകൾ കഴിച്ചുകൂട്ടേണ്ടി വരുന്ന അയാൾ രക്ഷപ്പെടുന്നുണ്ടെങ്കിലും നല്ല പേര് കളഞ്ഞു കുളിക്കുന്നു. ചെമ്പകത്തിൻ്റെ സെപ്ടിക് ടാങ്കിൽ വീണ “തൂവെള്ള” ഭാസ്കരൻ “തീട്ടം” ഭാസ്കരനാകുന്നു; രാഷ്ട്രീയ ഭാവി നഷ്ടപ്പെടുന്നു; ഒരിക്കലും കഴുകിക്കളയാനാവാത്ത ദുർഗ്ഗന്ധവുമായി ജീവിക്കുന്നു.
ഇതു മരിക്കുമ്പോഴെങ്കിലും മാറ്റണമെന്ന് മാഷിന് നിർബ്ബന്ധമുണ്ട്. അതിനായി അയാൾ തൻ്റെ വീട്ടിൽ ഒരു ചന്ദനം നട്ടു വളർത്തുന്നുണ്ട് – തൻ്റെ ശവദാനത്തിനായി ഉപയോഗിക്കാൻ. അത് വെട്ടിക്കത്തിക്കാൻ വനസംരക്ഷണ വകുപ്പിൽ നിന്നും പ്രത്യേക അനുമതിയും നേടിയിട്ടുണ്ട്.
അപ്പോഴാണ് ചന്ദനക്കള്ളക്കടത്തുകാരനായ ഡബിൾ മോഹനൻ്റെ രംഗപ്രവേശം. താൻ മനസ്സുവെയ്ക്കുന്ന ഏതു മരവും അധികൃതരുടെ മൂക്കിൻകീഴിലൂടെ കടത്തിക്കൊണ്ടു പോകുന്ന സമർത്ഥൻ. സ്കൂളിൽ പഠിക്കുന്ന കാലത്തെ ഭാസ്കരൻ മാഷുടെ ക്രൂരമായ മർദ്ദനമാണ് അയാളെ ഈ വഴിയിലേക്കു തിരിച്ചുവിട്ടത്. തൻ്റെ മുൻ അദ്ധ്യാപകൻ്റെ വീട്ടുമുറ്റത്തെ ചന്ദനമരത്തിലാണ് ഇപ്പോഴയാളുടെ കണ്ണ്.
മോഹനൻ്റെ കാമിനിയായ, ചെമ്പകത്തിൻ്റെ മകൾ ചൈതന്യമാണ് ഇനിയൊരു കഥാപാത്രം. മറയൂർ ശർക്കരയിൽ ചന്ദനമുട്ടികൾ പൊതിഞ്ഞുവിൽക്കാൻ ചങ്കൂറ്റം കാണിക്കുന്ന അവൾക്കു വേണ്ടി ആട്ടുമല എന്ന അപ്രാപ്യ ഗിരിശൃംഗത്തിലേക്ക് വഴിവെട്ടുന്ന ശ്രമകരമായ ദൗത്യം മോഹനൻ ഏറ്റെടുക്കുന്നു. മോഹനൻ ശിവനാണെങ്കിൽ ശക്തിയാണ് ചൈതന്യം.
എന്നാൽ ഈ നോവലിലെ ഏറ്റവും പ്രധാന കഥാപാത്രമാണ് ലക്ഷണമൊത്ത ആ ചന്ദനമരം – അതാണ്, ചന്ദനക്കടത്തുകാരുടെ ഭാഷയിൽ, “വിലായത്ത് ബുദ്ധ”. വിദേശങ്ങളിലേക്കു കടത്താനുള്ള അസംഖ്യം ബുദ്ധവിഗ്രഹങ്ങൾ അതിൽ ഒളിച്ചിരിക്കുന്നത് മോഹനനു കാണാം. അതു കൊണ്ടു തന്നെ അയാൾ അതിനെ ഭക്ത്യാദരപുരസ്സരമാണ് നോക്കിക്കാണുന്നത്. എന്നാൽ ഭാസ്കരനാകട്ടെ, തന്നിൽപ്പുരണ്ട അമേദ്യത്തിൻ്റെ മണം മരണത്തിലെങ്കിലും ദുരീകരിക്കാനുള്ള ഒരുപാധി മാത്രമാണ് ആ മരം: പക്ഷെ അതു സംരക്ഷിക്കാൻ കൊലപാതകം നടത്താൻ വരെ അയാൾ മടിക്കില്ല.
ഭാസ്കരൻ മാഷുടേയും ഡബിൾ മോഹനൻ്റേയും ചെമ്പകത്തിൻ്റേയും ചൈതന്യത്തിൻ്റേയും എല്ലാത്തിലുമുപരി വിലായത്ത് ബുദ്ധയുടേയും കഥ ഒരു സിനിമപോലെ പിരിമുറുക്കമുള്ളതാണ്. വളരെ ചുരുക്കം വാചകങ്ങളിലാണ് ഇന്ദുഗോപൻ ഇതാഖ്യാനം ചെയ്യുന്നത്. കഥയിലെ വിടവുകൾ വേണ്ട രീതിയിൽ നികത്തേണ്ട ജോലി അനുവാചകനു വിട്ടുകൊടുക്യാണ് അദ്ദേഹം.